പ്രശസ്ത ഇറാനിയൻ സംവിധായകൻ മജിദ് മജീദി സംവിധാനം ചെയ്ത ചിത്രമാണ് 1997ൽ പുറത്തിറങ്ങിയ ചിൽഡ്രൻ ഓഫ് ഹെവൻ. ലോക സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ‘ചിൽഡ്രൻ ഓഫ് ഹെവൻ’ ഓസ്‌കാറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ പേർഷ്യൻ ഭാഷാ ചിത്രവുമാണ്.
1998 ലാണ് മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ഈ ഇറാനിയൻ സിനിമക്ക് ലഭിച്ചത്. ഇറാനിയൻ ദരിദ്ര കുടുംബത്തിലെ അലി, സെഹ്‌റ എന്നീ രണ്ട് സഹോദരങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്.
അനുജത്തി സാറയുടെ ചെരുപ്പ് നന്നാക്കിക്കൊണ്ടുവരുന്നതിനിടെ അലിയുടെ കൈയില്‍ നിന്ന് അത് നഷ്ടപ്പെടുന്നു. പിതാവിന്റെ പക്കല്‍ പുതിയ ചെരുപ്പ് വാങ്ങാനുള്ള പണം ഇല്ലെന്ന കാര്യം അറിയുന്നതിനാലും ചെരുപ്പ് നഷ്ടപ്പെടുത്തിയതറിയുമ്പോള്‍ ലഭിച്ചേക്കാവുന്ന ശിക്ഷ ഭയന്നും അവരിരുവരും ഈ വിവരം രഹസ്യമാക്കിവെക്കുന്നു.
അലിയുടെ ഏക ജോഡി ചെരുപ്പുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് രണ്ടു പേര്‍ക്കും സ്കൂളില്‍ പോകാനാവുന്ന വിധത്തിലുള്ള പദ്ധതി അവർ ഉണ്ടാക്കുന്നു. രാവിലത്തെ ക്ലാസുകളില്‍ സാറയും ഉച്ചയ്ക്കുശേഷമുള്ള ക്ലാസുകളില്‍ അലിയും ഇതു പ്രകാരം ഹാജരാവുന്നു. മാതാപിതാക്കളെയും അധ്യാപകരെയും അറിയിക്കാതെയുള്ള ഈ സാഹസിക യജ്ഞം അവരെ പല കുഴപ്പങ്ങളിലും ചാടിക്കുന്നുണ്ടെങ്കിലും അവരതൊക്കെ അതിജീവിക്കുന്നു.
ഈ സമയത്താണ് നഗരത്തിലെ ഒരു സ്കൂളിൽ കുട്ടികള്‍ക്കു വേണ്ടി ഒരു ദീര്‍ഘദൂര ഓട്ടമത്സരം പ്രഖ്യാപിക്കപ്പെടുന്നത്. അലിയെ മോഹിപ്പിക്കുന്നത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന മൂന്നാം സമ്മാനമാണ്. ഒരു ജോഡി ചെരുപ്പുകളാണ് അത്. ഈ ചെരുപ്പുകള്‍ ലഭിച്ചാല്‍ അതു കടയില്‍ കൊടുത്ത് പകരം അനിയത്തിക്ക് ഒരു ഷൂ വാങ്ങാമെന്നാണവന്റെ ആഗ്രഹം. നൂറു കണക്കിനു കുട്ടികളെ മറികടന്ന് ഫിനിഷിങ് പോയിന്റ് അവന്‍ മുറിച്ചു കടക്കുന്ന രംഗം സിനിമാ പ്രേഷകർക്ക് സമ്മാനിക്കുന്നത് വികാരനിർഭരമായ രംഗമാണ്. സ്കൂളിലെ കായികാധ്യാപകന്‍ അവനെ കോരിയെടുക്കുമ്പോള്‍ അവന്‍ ചോദിക്കുന്നത് എനിക്ക് മൂന്നാം സ്ഥാനം ലഭിച്ചില്ലേ എന്നാണ്.
എന്തിന് മൂന്നാം സ്ഥാനം നീ ഒന്നാമനായിരിക്കുന്നു എന്ന മറുപടി അവനില്‍ സന്തോഷത്തിന് പകരം നിരാശയാണ് ഉണ്ടാക്കുന്നത്. മൂന്നാം സമ്മാനത്തിനു നേരെ നീളുന്ന അവന്റെ നോട്ടം ആരുടെയും മിഴികളെ ഈറനണിയിക്കാൻ പോന്നതാണ്. കഠിനമായ ഓട്ടത്തെ തുടര്‍ന്ന് അവന്റെ ആകെയുള്ള വെള്ള ഷൂസും പൊട്ടിപ്പൊളിഞ്ഞിരിന്നു. സോക്സ് കൂടി അഴിച്ചെടുത്തപ്പോള്‍ അവന്റെ കാൽ ആകെ തിണര്‍ത്തും പൊള്ളിയും പരുക്കേറ്റതുകാണാം.
വീട്ടുമുറ്റത്തെ ചെറിയ വാട്ടർ ടാങ്കിൽ അവന്‍ തന്റെ കാലുകള്‍ നീറ്റല്‍ സഹിച്ചുകൊണ്ട് മുക്കിവെക്കുന്നു. മീനുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ആ കാലിനു ചുറ്റും പൊതിയുന്നു. വിജയം പരാജയമായി മാറുന്ന ആ വിചിത്ര നിമിഷത്തിലാണ് സിനിമ സമാപിക്കുന്നത്. ഇങ്ങനെ ജീവിതത്തിന്റെ സങ്കീര്‍ണമായ തലങ്ങളാണ് ലളിതമായ ആവിഷ്ക്കാരത്തിലൂടെ ഈ സിനിമയിലൂടെ അനാവരണം ചെയ്യുന്നത്.
Yo! I’m not usually one to gamble, but tried 13win27 once, their support walked me through it and it was really simple. I would try it again.: 13win27