ഹിബ ഷെറിൻ പി.
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജിലെ ജേർണലിസം വിഭാഗത്തിന്റെ കീഴിൽ ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ‘എന്റെ അരീക്കോട്’ എന്ന തലക്കെട്ടോടെ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ രണ്ട് ദിവസം മുൻപ് നടത്തിയ ഫോട്ടോ വാക്കിന്റെ ഭാഗമായി വിദ്യാർത്ഥികൾ പകർത്തിയ അരീക്കോടിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന അറുപതോളം ചിത്രങ്ങളാണു പ്രദർശനത്തിനുണ്ടായിരുന്നത്.
‘എന്റെ അരീക്കോട്’ മൊബൈൽ ആപ്പ് സ്പോൺസർ ചെയ്ത ഫോട്ടോ പ്രദർശനത്തിലെ പഴയകാല അരീക്കോടിന്റെയും പരിസര പ്രദേശങ്ങളുടെയും ഗൃഹാതുരത്വമുണർത്തുന്ന ചിത്രങ്ങളും സമകാലിക അരീക്കോടിന്റെ അടയാളപ്പെടുത്തലുകളും പഴയതലമുറയെയും പുതിയ തലമുറയെയും ഒരുപോലെ ആകർഷിച്ചു.
സുല്ലമുസ്സലാം സയൻസ് കോളേജിലെ അവസാന വർഷ ബി. വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു എക്സിബിഷൻ സംഘടിപ്പിച്ചത്.
‘എലക്യുവന്റ് ഫ്രെയിംസ്’ എന്ന പേരിൽ ലോകത്തെ നടുക്കിയ പ്രധാനപെട്ട ഇരുപതോളം ഫോട്ടോകളും പ്രദർശത്തിലുണ്ടായിരുന്നു.



