‘നിഷ്കളങ്കമായ’ മലയാളസിനിമയും ഒളിച്ചുകടത്തലുകളും

അജ് വദ് പി

മലപ്പുറമെന്നാൽ ബോംബും കത്തിയും പച്ച ബെൽറ്റുമാണെന്ന് മലയാളി സ്വബോധ മനസ്സിൽ പതിപ്പിച്ചതിന് മലയാള സിനിമകൾ വഹിച്ച പങ്ക് ചില്ലറയല്ല. സിനിമകൾ എങ്ങനെ ഒരു വിഭാഗത്തെ പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ സ്വാധീനിക്കുന്നുവെന്ന് വരച്ചുകാട്ടിയാണ് പ്രശസ്ത ചലച്ചിത്ര നിരീക്ഷകനും വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ (സിയാസ്) അസിസ്റ്റന്റ് പ്രൊഫസറുമായ നസ്റുള്ള വാഴക്കാട് തന്റെ സംസാരം ആരംഭിച്ചത്. സുല്ലമുസ്സലാം സയൻസ് കോളേജിൽ സംഘടിപ്പിക്കുന്ന ‘നോ കമന്റ്സ്: ഒരുപാട് പറയാനുണ്ട്’ ടോക്ക് സീരിസിൽ മലയാള സിനിമ: ജാതി, ശരീരം, ചിഹ്ന ശാസ്ത്രം എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവ​ദിക്കുകയായിരുന്നു അദ്ദേഹം.

അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ ‘ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലി’ (ഐക്യുഎസി)ന്റെ ആഭിമുഖ്യത്തിൽ ജേർണലിസം – ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഒരുമാസത്തോളം നീളുന്ന പരിപാടിയുടെ നാലാം ദിനത്തിലായിരുന്നു മലയാള സിനിമ കേന്ദ്രവിഷയമായുള്ള ചർച്ചക്ക് നസ്റുള്ള വാഴക്കാട് നേതൃത്വം വഹിച്ചത്.

മലയാളസിനിമകൾ സ്ത്രീകളെ ഏത് രീതിയിൽ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് നസ്റുള്ള വാഴക്കാട് തന്റെ ചർച്ചക്ക് തുടക്കമിട്ടത്. “സ്ത്രീയെന്നാൽ നായകന്റെ നിഴലും വാലുമായി പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങിക്കഴിയേണ്ടവൾ ആണെന്നാണ് മലയാളസിനിമകൾ പറഞ്ഞുവെക്കുന്നത്.” രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇറങ്ങിയ പല ‘കോലോത്തെ തമ്പുരാൻ’ നായകകേന്ദ്രമായുള്ള പടങ്ങളെയും അതിലൂടെ ഒളിച്ചുകടത്തിയ പ്രത്യേക പരാമർശങ്ങളെയും ദൃശ്യങ്ങളേയും അദ്ദേഹം ചർച്ചയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ വിശദീകരിക്കുകയും തുറന്നുകാട്ടുകയും ചെയ്തു.

മലയാളസിനിമയിലെ വിഭാഗീയത

“കാരണം നീ വെറും പെണ്ണാണ് ” എന്ന പ്രശസ്തചിത്രത്തിലെ ഡയലോഗ് വെച്ചാണ് നസ്റുള്ള വാഴക്കാട് വിദ്യാർത്ഥികളുടെ ശ്രദ്ധ ചർച്ചയിലേക്ക് ക്ഷണിച്ചത്. സ്ത്രീയെന്നാൽ പുരുഷന്റെ കീഴിലുള്ള രണ്ടാം തരക്കാർ എന്ന പരിഗണന മാത്രമേ മോളിവുഡ് ഇൻഡസ്ട്രി കല്പിച്ചിരുന്നുള്ളൂ. “കണ്ടിട്ട് ഒരു റേപ്പ് വെച്ച് കൊടുക്കാൻ തോന്നുന്നു”, “ഞാനൊന്ന് അറിഞ്ഞു വിളയാടിയാൽ നീയൊക്കെ ഒൻപതു മാസം കഴിഞ്ഞേ ഫ്രീയാവുകയുള്ളൂ” തുടങ്ങി അങ്ങേയറ്റം സ്ത്രീവിരുദ്ധവും സമൂഹമനസ്സാക്ഷിക്ക് നിരക്കാത്തതുമായ ഡയലോഗുകൾ നായകൻ ‘തമാശ’ക്കായി പറയുമ്പോൾ ഏറ്റവും കൂടുതൽ കൈയടികൾ കിട്ടിയിരുന്നത് സ്ത്രീകളുടെ ഭാഗത്തുനിന്നായിരുന്നു എന്നത് തന്നെ മലയാള സിനിമകൾക്ക് എത്രത്തോളം മനസ്സിനെ സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ കഥാപാത്രങ്ങളെ നിറത്തിന്റെയും ശരീരത്തിന്റെയും അടിസ്ഥാനത്തിൽ തമാശക്കുള്ള വസ്തുവാക്കി മാറ്റുന്നതിലും മലയാളസിനിമകൾക്കുണ്ടായിരുന്ന ഉന്മേഷം അദ്ദേഹം എടുത്തുപറഞ്ഞു.

മലയാളസിനിമയിൽകൂടി ഒളിച്ചു കടത്തിയിരുന്ന ജാതീയതയെ ഒന്നൊന്നായി അദ്ദേഹം തുറന്നുകാണിച്ചു. ഉയർന്ന ജാതിയിൽപ്പെട്ടവർ കുറ്റങ്ങൾ ചെയ്യുന്നത് ന്യായീകരിക്കപ്പെടുന്നതും താഴ്ന്ന ജാതിയിൽപ്പെട്ടവരെ രണ്ടാം തരക്കാരാക്കി കാണിക്കലും ചില പ്രത്യേക സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും സിനിമകളിൽ സ്ഥിരം കാഴ്ച്ചയായിരുന്നു. നായകൻ ഉയർന്ന ജാതിയിൽപ്പെട്ടവൻ ആയാലേ പ്രേക്ഷകർക്ക് സ്വീകാര്യമാവൂ എന്ന വിശ്വാസവും ജാതിബോധവും ഇവരിലുണ്ടായിരുന്നിരിക്കണം.

പുതുതലമുറയിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് മലയാളസിനിമകളിൽ കൈയ്യൊപ്പ് പതിപ്പിച്ചുകൊണ്ടിരിക്കുന്ന പുതു സംവിധായകരും എഴുത്തുകാരും ഒരു ശുഭസൂചനയാണ്.

മലപ്പുറം മലയാള സിനിമകളിൽ

തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിലെ ആദ്യ ദശകത്തിലും ഇറങ്ങിയ പല സിനിമകളിലും മലപ്പുറത്തെ മിനി പാകിസ്ഥാൻ, ബോംബ്, കഠാര, തൊപ്പിയും താടിയും പച്ച ബെൽറ്റും അണിഞ്ഞ മാപ്പിളമാർ, നിരന്തരം കലാപഭീതിയുള്ള പ്രദേശം എന്ന നിലയിലൊക്കെയായിരുന്നു അവതരിപ്പിച്ചത്. “ബോംബ് വേണേൽ മലപ്പുറത്തു നിന്ന് ഏർപ്പാടാക്കാം” എന്ന ഡയലോ​ഗ് ഒരു ജനപ്രിയ മലയാളച്ചലച്ചിത്രത്തിൽ യാതൊരു ഉദ്ദേശവുമില്ലാതെയാണ് ഉൾപ്പെടുത്തിയതെന്ന അണിയറ പ്രവർത്തകരുടെ മറുപടി അത്ര നിഷ്കളങ്കമായ ഒന്നല്ല. മലപ്പുറം ഭാഷാശൈലിയെ വികലമാക്കി മലയാളത്തിലെ പ്രമുഖ നടനെ നായകനാക്കി അവതരിപ്പിച്ച സിനിമകളടക്കം എണ്ണിയാലൊടുങ്ങാത്തത്ര ചലച്ചിത്രങ്ങൾ.

ഇതിനിടയിലേക്ക് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന 2018 ൽ ഇറങ്ങിയ ചിത്രത്തിന്റെ വ്യത്യസ്തതയെയും കൃത്യതയെയും അതിന്റെ പ്രാധാന്യത്തെയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. മുൻധാരണകളിൽ പകച്ചുപോയ ഒരു ജനതയെ എടുത്തുയർത്തുന്നതിലെ ആദ്യ ചുവടായി സുഡാനി ഫ്രം നൈജീരിയയെ അദ്ദേഹം നോക്കിക്കാണുന്നു.

“മുസ്‌ലിം സമുദായം സിനിമാമേഖലകളോട് പിന്തിരിഞ്ഞുനിന്ന കാലത്ത് സിനിമകളിൽക്കൂടി ഒരു സമുദായത്തെ എങ്ങനെ വികലമായി അവതരിപ്പിക്കാൻ പറ്റുമോ അത്ര തന്നെ സംഭവിക്കപ്പെട്ടു.” പുതുതലമുറയിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് മലയാളസിനിമകളിൽ കൈയ്യൊപ്പ് പതിപ്പിച്ചുകൊണ്ടിരിക്കുന്ന പുതു സംവിധായകരും എഴുത്തുകാരും ഒരു ശുഭസൂചനയാണെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

സിനിമയും വ്യക്തിതാൽപ്പര്യവും

ചില പ്രത്യേക അജണ്ടകൾ ലക്ഷ്യമാക്കി പൂർത്തീകരിച്ച കശ്മീർ ഫയൽസ് പോലുള്ള പ്രൊപൊഗാണ്ട ചിത്രത്തിന് ഐഎഫ്എഫ്കെയിൽ ഇസ്രായേലി ജൂറിയിൽ നിന്നുമേറ്റ കടുത്ത വിമർശനം നസ്റുള്ള വാഴക്കാട് ഓർമ്മിപ്പിച്ചു. ചിത്രങ്ങൾ ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടിനെയും താൽപ്പര്യങ്ങളെയും അടിസ്ഥാനമാക്കിയാണെന്നും എന്നാൽ അത് വിലയിരുത്തേണ്ടത് പൂർണ്ണമായും പ്രേക്ഷകരാണെന്നും അദ്ദേഹം ചോദ്യത്തിന്റെ മറുപടിയായി നൽകി. എഴുത്തിനെ എഴുത്തുകൊണ്ട് മറുപടി നൽകുന്ന പോലെ സിനിമകൾക്ക് സിനിമയിലൂടെയേ മറുപടി നൽകാനാകൂ എന്നും ചോദ്യങ്ങൾക്കുത്തരമായി അദ്ദേഹം കൂട്ടിച്ചേർത്തു.

One thought on “‘നിഷ്കളങ്കമായ’ മലയാളസിനിമയും ഒളിച്ചുകടത്തലുകളും

  1. Guys, I found 8kbet456 it is pretty sleek. Fast payouts, good support. Worth trying out! I haven’t had any hassles. But, as always. It is up for the user to test them correctly. Go check it: 8kbet456.

Leave a Reply

Your email address will not be published. Required fields are marked *