പന്ത്‌ പറഞ്ഞ മലപ്പുറം കിസ്സ: ഓർമ്മകളിലേക്കൊരു മൈനസ്‌ പാസ്‌!

മുഹമ്മദ് മുനവ്വിർ പി കെ

ഒരു കാലത്ത് ‘ഏഷ്യയിലെ ബ്രസീൽ’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുമാറ് കാല്പന്തുകളിയിൽ ശക്തരായിരുന്ന ഒരു രാജ്യം; പിന്നീട് മികവുറ്റ പദ്ധതികളുടെ ആവിഷ്കാരത്തിന്റെ അഭാവം മൂലം മുഖ്യധാരയിൽ നിന്ന് അകന്നു പോയി. പറഞ്ഞു വരുന്നത് ഇന്ത്യൻ നാഷണൽ ഫുട്‌ബോൾ ടീമിനെക്കുറിച്ചാണ്.

വിഷയ വിശാലത കൊണ്ടും ശ്രോതാക്കളുടെ സജീവഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമാവുകയായിരുന്നു ‘നോ കമന്റ്സ്: ഒരുപാട് പറയാനുണ്ട്’ ടോക് സീരിസിന്റെ ആദ്യദിനം. മലബാറിന്റെ, വിശിഷ്യാ മലപ്പുറത്തിന്റെ കാൽപന്ത്‌ കളിയോടുള്ള പിരിശം വരച്ചു കാണിച്ച സെഷനായിരുന്നു ‘പന്ത്‌ പറഞ്ഞ മലപ്പുറം കിസ്സ’. പ്രാദേശിക ഫുട്ബോളിനൊപ്പം രാജ്യാന്തര ഫുട്‌ബോളും ചർച്ച ചെയ്ത സെഷനു പ്രമുഖ കളിയെഴുത്തുകാരനും ‘പന്ത് പറഞ്ഞ മലപ്പുറം കിസ്സ’ എന്ന കൃതിയുടെ രചയിതാവുമായ എം എം ജാഫർ ഖാൻ നേതൃത്വം നൽകി.

അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലി (ഐ. ക്യു. എ. സി) ന്റെ സഹകരണത്തോടെ ജേണലിസം, ഇംഗ്ലീഷ് വിഭാഗങ്ങൾ സംയുക്തമായാണ് വ്യത്യസ്ത വിഷയങ്ങളിലായി ഒരു മാസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ആയിരത്തി എണ്ണൂറുകളിൽ കാൽപന്തുകളി കേരളത്തിലേക്കെത്തിയ കഥ പറഞ്ഞാണൂ ജാഫർ ഖാൻ തന്റെ സെഷൻ ആരംഭിച്ചത്‌. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാർ ഫുട്‌ബോൾ അടക്കമുള്ള വിനോദങ്ങളെ പരിചയപ്പെടുത്തുന്നത്. താരതമ്യേന ചെലവില്ലാത്ത ഒരു വിനോദം എന്ന നിലയിൽ കാൽപന്തിനെ സ്വാഭാവികമായും ഇവിടത്തുകാർ നെഞ്ചേറ്റി. കേരളത്തിന്റെ ഭൂപ്രകൃതി പതിനൊന്നു പേരടങ്ങുന്ന പൂർണരൂപത്തിന് അനുയോജ്യമല്ലാത്തതിനാൽ മറ്റു രാജ്യങ്ങളിലെല്ലായിടത്തുമുണ്ടായ ക്യാപ്സ്യൂൾ രൂപങ്ങളുടെ ‘പതിപ്പായി’ സെവൻസ് ഉടലെടുത്തു.

അനേകം പ്രതിഭകളെ ഫുട്‌ബോളിന് സംഭാവന ചെയ്ത അരീക്കോട്ട് ഫുട്‌ബോൾ പൈതൃകം വിവരിക്കുന്ന ഒന്നും കാണാനാകാത്തത് ദുഖകരമായ കാര്യമാണെന്നും സുല്ലമുസ്സലാം സയൻസ് കോളേജിന്റെ മേൽനോട്ടത്തിൽ ഒരു ഫുട്‌ബോൾ റിസർച് സെന്റർ ആരംഭിക്കുന്നത്‌ പരിഗണിക്കണമെന്ന് നിർദേശവും മുന്നോട്ടു വെച്ചു.

ഇന്ത്യയിലെ ഫുട്‌ബോളും ക്രിക്കറ്റും

ഒരു വിനോദം ഒരു രാജ്യത്ത് ജനപ്രിയമാകണമെങ്കിൽ ശ്രദ്ധേയമായ എന്തെങ്കിലും നേട്ടം കൊയ്യണം. ഇന്ത്യയിൽ നിലവിൽ ജനപ്രീതിയിൽ ബഹുദൂരം മുൻപന്തിയിലുള്ള ക്രിക്കറ്റ് ഇത്രത്തോളം ശ്രദ്ധ പിടിച്ചുപറ്റിയത് ’83 ലെ ലോകകപ്പ് വിജയത്തിന് ശേഷമായിരുന്നു. നിർഭാഗ്യവശാൽ അത്തരമൊരു നേട്ടം കൈവരിക്കാൻ അൻപതുകളിലെ ഏഷ്യൻ ഗെയിംസ് സ്വർണ മെഡലിന് ശേഷം നാഷണൽ ഫുട്‌ബോൾ ടീമിനായിട്ടില്ല. കൂടാതെ പരസ്യവരുമാനം ഫുട്‌ബോളിനെ അപേക്ഷിച്ച് ക്രിക്കറ്റിൽ വളരെയധികമാണെന്നത് മാധ്യമങ്ങളുടെ ശ്രദ്ധ അതിലേക്ക് തിരിയാനും ഫുട്‌ബോൾ വരൾച്ച മുരടിക്കാനും കാരണമായെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇന്ത്യ ലോകകപ്പിലെന്ന്?

യോഗ്യതാമത്സരങ്ങൾ ജയിച്ച് ലോകകപ്പ് കളിക്കുക എന്നത് നമ്മുടെ രാജ്യത്തിനിന്നും വിദൂര സ്വപ്നമാണെന്ന് പറഞ്ഞ ജാഫർഖാൻ U-17 ലോകകപ്പിനുപയോഗിച്ച അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങൾ ‘പൊടിതട്ടിയെടുത്ത്’ അയൽരാജ്യമായ ചൈനയുമായി സഹകരിച്ച് ലോകകപ്പ് ആതിഥേയത്വം നേടിയെടുത്ത് ആ സമയമാകുമ്പോഴേക്ക് നല്ലൊരു ടീമിനെ വാർത്തെടുക്കുക മാത്രമാണു ലോകകപ്പ്‌ കളിക്കാൻ ഏകമാർഗ്ഗമെന്നും കൂട്ടിച്ചേർത്തു.

കാൽപന്തിന്റെ മലപ്പുറം ഗരിമ

മലപ്പുറം ഫുട്‌ബോളിന് ഏറെ വേരുള്ളയിടമാണ്. മലപ്പുറത്തു നിന്ന് ആദ്യമായി രാജ്യാന്തര തലത്തിൽ കളിച്ചത് ഇരുമ്പൻ മൊയ്തീൻ കുട്ടിയാണ്. റോയൽ നേവി താരമായിരുന്ന അദ്ദേഹത്തിന്റെ സഹതാരങ്ങളെല്ലാം ഇംഗ്ലണ്ടിലെ മുൻനിര ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നവരായിരുന്നു. അരീക്കോടെന്ന ചെറുഗ്രാമത്തിന് മറ്റാർക്കും അവകാശപ്പെടാനാകാത്ത ഫുട്‌ബോൾ മഹിമ പറയാനുണ്ട്‌. ഏറെക്കാലം ഇന്ത്യൻ ടീം നായകനായിരുന്ന യു ഷറഫലി, എം പി സക്കീർ, ഉബൈദ്, ഹബീബ് റഹ്മാൻ തുടങ്ങിയവരടക്കമുള്ള പന്ത്രണ്ടോളം ‘അരീക്കോട്ടുകാർ’ രാജ്യത്തിനായി ബൂട്ടു കെട്ടിയിട്ടുണ്ട്.